ഭക്തിയുടെ സ്വരഗംഗയിൽ അലിഞ്ഞൊരു പുണ്യ മധ്യാഹ്നം..
✍🏻 മുരളീധരൻ പുറവങ്കര
സ്വരങ്ങൾ പ്രാർത്ഥനകളാകുമ്പോൾ... സംഗീതം ദേവിക്കുള്ള
പുഷ്പാർച്ചനയാകുന്നു!
വെള്ളിക്കുന്നത്ത് ഭഗവതിക്കാവിലെ നവരാത്രി ആഘോഷത്തിന്റെ എട്ടാം ദിനമായ ഞായറാഴ്ച മധ്യാഹ്നത്തിൽ അരങ്ങേറിയ ‘നാദാഞ്ജലി’ കേവലമൊരു സംഗീത പരിപാടി മാത്രമായിരുന്നില്ല ; ഭക്തിയും സംഗീതവും ഇഴചേർന്ന അപൂർവമായൊരു അനുഭവ മായിരുന്നു. ഉച്ചവെയിലിന്റെ ചൂടിനിടയിലും ഭക്തിയുടെ കുളിർ മഴയായി പെയ്തിറങ്ങിയ ഈ സംഗീതാർച്ചന, സ്വര മാധുരിയുടെ പുണ്യ ധാരയിൽ ശ്രോതാക്കളുടെ മനസ്സുകളെ ആറാടിച്ചു.
വെള്ളിക്കോത്ത് ശ്രീ വിശ്വംഭരന്റെ നേതൃത്വത്തിൽ നാലു പ്രതിഭാധനരായ ഗായികമാർ ചേർന്നൊരുക്കിയ ഈ സംഗീതാർച്ചന, വൈവിധ്യമാർന്ന സ്വരങ്ങളുടെയും ഭാവങ്ങളുടെയും മനോഹരമായൊരു സംഗമമായിരുന്നു...
വെള്ളിക്കോത്ത് വിശ്വംഭരന്റെ നേതൃത്വത്തിൽ നാലു ഗായികമാർ ചേർന്നൊരുക്കിയ സംഗീത വിരുന്നിന് , ത്യാഗരാജസ്വാമികളുടെ സൗരാഷ്ട്ര രാഗത്തിൽ ചിട്ടപ്പെടുത്തിയ‘ശ്രീ ഗണപതി നീ’ എന്ന കൃതിയിലൂടെയാണ് തുടക്കമായത്. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സംഗീതത്തെ ഹൃദയത്തോട് ചേർത്തു പിടിച്ച വിശ്വംഭരന്റെ ആലാപനം, കലയോടുള്ള അഗാധമായ ആത്മ ബന്ധ ത്തിന്റെ സാക്ഷ്യമായി...
സംഗീതത്തിന്റെ ഈ സുന്ദരയാത്രയിൽ
ശ്രീ വിശ്വംഭരനോടൊപ്പം സ്വര സാന്നിധ്യമായി മാറിയത് ശ്രീമതി സുഭദ്രാ ഗോവിന്ദൻ,
ഡോ.നീനാ ജയകൃഷ്ണൻ, ശ്രീമതി ശാന്തികൃഷ്ണ, ശ്രീമതി സ്വാതി ലക്ഷ്മി
എന്നീ നാലു ഗായികമാരായിരുന്നു. വ്യത്യസ്തമായ ജീവിതാനുഭവങ്ങളും
സംഗീത പരിശീലനവും കലാ പരിചയവും സ്വന്തമായുള്ള ഈ ഗായികമാർ, തങ്ങളുടെ ആലാപനത്തിലൂടെ നാദാഞ്ജലിയെ കൂടുതൽ ഹൃദ്യവും സമ്പന്നവുമാക്കി...
മൂന്നു പതിറ്റാണ്ടിലേറെ ബംഗളൂരുവിൽ കുടുംബത്തോടൊപ്പം താമസിച്ചിട്ടും സ്കൂൾകാലം മുതൽ അഭ്യസിച്ച സംഗീത- നൃത്താഭിരുചികൾ കാത്തുസൂക്ഷിക്കുന്ന കലാകാരിയാണ് ശ്രീമതി സുഭദ്രാ
ഗോവിന്ദൻ.
കാസർകോട് സൈനബ് മെമ്മോറിയൽ ബി.എഡ്. ട്രെയിനിങ് കോളേജ് പ്രിൻസിപ്പലായ ഡോ. ശ്രീമതി നീനാ ജയകൃഷ്ണൻ ഔദ്യോഗിക തിരക്കുകൾ ക്കിടയിലും സംഗീതത്തിന്റെ
ദീപം അണയാതെ സൂക്ഷിക്കുന്നു. സംഗീതാധ്യാപികയും ആകാശവാണി ബി-ഗ്രേഡ് ആർട്ടിസ്റ്റുമായ ശാന്തികൃഷ്ണ ശാസ്ത്രീയ സംഗീതത്തിലും ലളിത സംഗീതത്തിലും പ്രാവീണ്യം തെളിയിച്ച കലാകാരിയാണ്. പ്രമുഖ സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ മാഷിനൊപ്പം നിരവധി വേദികളിൽ പാടിയിട്ടുള്ള സ്വാതി ലക്ഷ്മി, കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിറിലെ സംഗീതാധ്യാപിക
കൂടിയാണ്.
വ്യത്യസ്തമായ ജീവിതാനുഭവങ്ങളും സംഗീതപരിശീലനവും ഒത്തുചേർന്നപ്പോൾ, ഈ അഞ്ചു കലാകാരന്മാരുടെ
ആലാപനം നാദാഞ്ജലിയെ ഹൃദ്യമാ
യൊരു സംഗീതാനുഭവമാക്കി.
ഓരോ ഗാനവും ഓരോ പ്രാർത്ഥന
‘മനസ്സിലുണരൂ ഉഷസ്സന്ധ്യയായ്’, ‘മുകാംബികേ ജഗദംബികേ’, ‘മാണിക്യവീണാം’, ‘കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി’, ‘മായാതീത സ്വരൂപിണി’, ‘അംബികേ ജഗദംബികേ സുരവന്ദിതേ’, ‘ആപദി കിംകരണീയം’, ‘അമ്മേ അനന്തപുരിയിൽ വാഴും ആറ്റുകാലമ്മേ’, ‘നക്ഷത്രദീപങ്ങൾ തിളങ്ങി’ തുടങ്ങി ഇരുപതിലധികം ഗാനങ്ങൾ ഒന്നിനു
പുറകെ ഒന്നായി ഒഴുകിയെത്തി.
‘മനസ്സിലുണരൂ ഉഷസ്സന്ധ്യയായ്’ എന്ന ഗാനത്തിലൂടെ ഹൃദയത്തിൽ പ്രതീക്ഷയുടെ പ്രഭാതം വിടർന്നപ്പോൾ, ‘മുകാംബികേ ജഗദംബികേ’ എന്ന സ്തുതിയിൽ മാതൃ സങ്കൽപ്പത്തിന്റെ മഹിമ നിറഞ്ഞുനിന്നു. ‘മാണിക്യവീണാം’ എന്ന ഗാനം ദേവിയുടെ
ദിവ്യ സൗന്ദര്യത്തെ സ്വരങ്ങളിൽ കോറിയിട്ടു. ‘കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി’ എന്ന ഗാനമെത്തിയപ്പോൾ, കുടജാദ്രിയുടെ പുണ്യഭൂമിയും, മുകാംബികയുടെ സന്നിധി
യും ഭാവനയിൽ തെളിഞ്ഞു.
‘മായാതീത സ്വരൂപിണി’ എന്ന സ്തുതിയിൽ പരാശക്തിയുടെ അനന്ത ഭാവങ്ങൾ അനാവരണം ചെയ്യപ്പെട്ടപ്പോൾ, ‘അംബികേ ജഗദംബികേ സുരവന്ദിതേ’ എന്ന ഗാനം ഭക്തിയുടെ ആഴങ്ങളിലേക്ക് മനസ്സുകളെ നയിച്ചു. ‘ആപദി കിംകരണീയം .. അമ്മേ അനന്തപുരിയിൽ വാഴും ആറ്റുകാലമ്മേ’
എന്ന ഗാനം പ്രാർത്ഥനയുടെ ആത്മാർഥത യും ഗാനത്തിന്റെ മാതൃ സ്നേഹവും ഭക്ത ഹൃദയങ്ങളിൽ പ്രത്യേകമായൊരു
സ്പന്ദനം തീർത്തു.
‘നക്ഷത്രദീപങ്ങൾ തിളങ്ങി’ എന്ന ഗാനം സൃഷ്ടിച്ച ദൃശ്യഭംഗി, സംഗീതവും ഭാവനയും ഒന്നാകുന്ന അപൂർവ നിമിഷങ്ങളി
ലൊന്നായിരുന്നു.
ഈ സംഗീതാർച്ചനയ്ക്ക് പക്കമേള
ത്തിൻ്റെ അകമ്പടിയായ് നിന്ന മടിക്കൈ ഉണ്ണികൃഷ്ണൻ നമ്പൂതിരി (തബല) , ദാമോദരൻ തരംഗ് (കീ ബോർഡ്)
എന്നിവർ ഒരുക്കിയ താള - ലയ വിന്യാസം ആലാപനത്തിന് കൂടുതൽ മിഴിവേകി.
രാഗങ്ങളുടെ മാധുര്യവും വരികളുടെ ഭാവ ഗാംഭീര്യവും ആലാപനത്തിന്റെ ആത്മാർഥതയും ചേർന്ന് സംഗീതത്തെ കേവലമായ ആസ്വാദനത്തിനപ്പുറം ഭക്തിയുടെ അനുഭവമാക്കി മാറ്റി.
മൂന്നു മണിക്കൂറിലധികം നീണ്ടുനിന്ന ഈ സംഗീതസപര്യയിൽ സമയത്തിന്റെ കണക്കുകൾ പോലും മാഞ്ഞുപോയി. വിശപ്പിന്റെ വിളിയും ഘടികാരത്തിന്റെ സൂചികളും മറന്ന് ശ്രോതാക്കൾ ആ
സംഗീത ധാരയിൽ ലയിച്ചിരുന്നു.
ഒരു ഗാനം അവസാനിക്കുമ്പോൾ അടുത്ത ഗാനത്തിനായുള്ള ആകാംക്ഷ ;
ഒരു സ്വരം മാഞ്ഞു തീരുമ്പോൾ മറ്റൊരു സ്വരത്തിന്റെ വരവിനായുള്ള കാത്തിരിപ്പ്!
ശ്രോതാക്കളെ ഇത്രയും നേരം ആസ്വാദന ത്തിന്റെ ഒരേ തലത്തിൽ പിടിച്ചിരുത്താൻ കഴിഞ്ഞത് ഗായകരുടെ സംഗീത മികവിന്റെയും ഭക്തിസാന്ദ്രമായ ആലാപനത്തിന്റെയും തെളിവാണ്. വേദി യിൽനിന്നുയർന്ന സ്വരങ്ങൾ സദസ്സിന്റെ ഹൃദയങ്ങളിൽ പ്രതിധ്വനിച്ചപ്പോൾ, ഗായകരും ആസ്വാദകരും ഒരേ സംഗീതാനുഭൂതിയുടെ പങ്കാളികളായി.
നാദം നിവേദ്യമായപ്പോൾ...
നവരാത്രിയുടെ പുണ്യവേളയിൽ ദേവിക്കു സമർപ്പിച്ച ഈ നാദാഞ്ജലി, സംഗീതം എങ്ങനെ പ്രാർത്ഥനയായി മാറുന്നു എന്നതിന്റെ മനോഹരമായ അനുഭവ സാക്ഷ്യമായിരുന്നു.
സ്വരങ്ങൾ പൂക്കളായി, രാഗങ്ങൾ സുഗന്ധമായി, ഗാനങ്ങൾ പ്രാർത്ഥന കളായി മാറിയ ആ പുണ്യമധ്യാഹ്നത്തിൽ,
വെള്ളിക്കുന്നത്ത് ഭഗവതിക്കാവിൽ
നാദം നിവേദ്യമായി!
സംഗീതം അവസാനിച്ചിട്ടും അതിന്റെ മധുരപ്രതിധ്വനികൾ ഹൃദയങ്ങളിൽനിന്ന് മാഞ്ഞുപോകുന്നില്ല. ഭക്തിയുടെ സ്വര ഗംഗയിൽ അലിഞ്ഞ സംഗീതാർച്ചനയുടെ മധുര സ്മരണകൾ മനസ്സിൽ നിലാവു
പോലെ നിറഞ്ഞു നിൽക്കട്ടെ... നാദാഞ്ജലിയുടെ സ്വരധാര ഇനിയും എത്രയോ ഹൃദയങ്ങളിൽ ഭക്തിയുടെ ദീപങ്ങൾ തെളിയിക്കട്ടെ!
0 Comments