ക്ഷേത്രക്കുളത്തിൽ മനുഷ്യരെ ഉപദ്രവിക്കാത്ത വെജിറ്റേറിയൻ മുതലകൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ ക്ഷേത്രത്തെ സംബന്ധിച്ച വിസ്മയം. തിരുവനന്തപുരത്തെ ശ്രീപത്മനാഭ ക്ഷേത്രവുമായി ഏറെ ബന്ധമുള്ള ക്ഷേത്രമാണ് അനന്തപുരത്തേത്. വർഷങ്ങളോളം ക്ഷേത്രക്കുളത്തിൽ ഉണ്ടായിരുന്ന അത്ഭുത മുതലയായ ബബിയ 2022 ഒക്ടോബർ ഒൻപതിനാണ് ചത്തത്. പുഷ്പചക്രങ്ങൾ അർപ്പിക്കലും അന്ത്യോപചാരവും ഉൾപ്പെടെ ഒരു മനുഷ്യനെന്ന പോലെയാണ് ബബിയയ്ക്ക് മരണാനന്തര ചടങ്ങുകൾ നടത്തിയത്. തുടർന്ന് നടത്തിയ പ്രശ്ന ചിന്തയിൽ ബബിയക്ക് പകരം മറ്റൊരു മുതല എത്തുമെന്ന് കണ്ടെത്തിയിരുന്നു. 2023 നവംബറിൽ തന്നെ ക്ഷേത്രക്കുളത്തിൽ മുതലക്കുഞ്ഞിനെ കണ്ടതായി വാർത്തകൾ പരന്നിരുന്നെങ്കിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ ശ്രീകോവിലിന് സമീപത്തെ ആനപ്പടിക്ക് വടക്കുഭാഗത്ത് ഭക്തർക്ക് ബബിയ മൂന്നാമന്റെ പൂർണ ദർശനം ലഭിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് നട അടച്ചു പോയ ക്ഷേത്ര പൂജാരി വൈകുന്നേരം എത്തിയപ്പോഴാണ് മുതലയെ കണ്ടത്. വിസ്മയഭരിതനായ ഇദ്ദേഹം ഉടൻ തന്നെ മൊബൈൽ ഫോണിൽ ചിത്രം പകർത്തി വച്ചു. 80 വർഷം ക്ഷേത്രക്കുളത്തിലെ നിറ സാന്നിധ്യമായിരുന്ന ബബിയക്കും മുമ്പാണ് ബബിയ ഒന്നാമൻ ക്ഷേത്രക്കുളത്തിൽ ഉണ്ടായിരുന്നത്. ഇതിനെ 1945 ൽ ബ്രിട്ടീഷ് സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് പറയുന്നു. ദിവസങ്ങൾക്കകം കുളത്തിൽ പ്രത്യക്ഷപ്പെട്ട ബബിയ രണ്ടാമൻ 2022 ഒക്ടോബർ 9 വരെ ഇവിടെ കഴിഞ്ഞു.
.............................................
0 Comments