NEWS UPDATE

6/recent/ticker-posts

ശൈലി - 2 സര്‍വ്വെ മടിക്കൈയില്‍ സജീവം


ക്യാന്‍സര്‍, രക്താതിമര്‍ദ്ദം, പ്രമേഹം, തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍, കാഴ്ച- കേള്‍വി വൈകല്യങ്ങള്‍, ക്ഷയം കുഷ്ഠം, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍,വയോജന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുടെ സാധ്യതകളെ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കാനും രോഗികളായവരുടെ ചികിത്സ ഉറപ്പു വരുത്താനും ലക്ഷ്യമിട്ടുകൊണ്ട് നടക്കുന്ന ശൈലി - 2 സര്‍വ്വെ മടിക്കൈ ഗ്രാമപഞ്ചായത്തില്‍ സജീവം. വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി സംസ്ഥാനത്ത് ആകെ ശൈലി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആശ പ്രവര്‍ത്തകരാണ് സര്‍വ്വെ നടത്തുന്നത്. 30 വയസ്സിന് മേല്‍ പ്രായമുള്ളവരെ സര്‍വ്വെ ചെയ്യുന്നു. സര്‍വ്വെയിലെ കണ്ടെത്തലുകളെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കും.

ശൈലി - 2 സര്‍വ്വെ യുടെ മടിക്കൈ ഗ്രാമ പഞ്ചായത്തുതല അവലോകനം പ്രസിഡണ്ട് എസ് പ്രീതയുടെ അധ്യക്ഷതയില്‍ നടന്നു. വൈസ് പ്രസിഡണ്ട് വി. പ്രകാശന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ രമ പത്മനാഭന്‍, മറ്റു ജനപ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ ശ്രുതി വി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ടി മോഹനന്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജൂലൈ 15 ന് ആരംഭിച്ച സര്‍വ്വെ മടിക്കൈയില്‍ 40% പിന്നിട്ടു. 6099 പേരെ ഇതിനകം സര്‍വ്വെ ചെയ്തു കഴിഞ്ഞു. പ്രമേഹം 408(6.69%), രക്താതിമര്‍ദ്ദം 1010(16.16%) പ്രമേഹവും രക്താതിമര്‍ദ്ദവും 2009 ( 4.41) ക്യാന്‍സര്‍ സാധ്യത 152 (2.49%) എന്നിങ്ങനെ ഇതുവരെ സര്‍വ്വെയില്‍ കണ്ടെത്തി.. സര്‍വ്വെ പൂര്‍ണ്ണമാവുന്നതോടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും എല്ലാവര്‍ക്കും പ്രതിരോധവും ചികിത്സയും ഉറപ്പുവരുത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.


Post a Comment

0 Comments