NEWS UPDATE

6/recent/ticker-posts

വഴിയോരക്കച്ചവടക്കാര്‍ക്കെതിരായ കാസര്‍കോട് നഗരസഭയുടെ ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തു


കാഞ്ഞങ്ങാട് : വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ കാസര്‍കോട് നഗരസഭ ആരംഭിച്ച നടപടി റിട്ട. ജഡ്ജി ചെയര്‍മാനായ സംസ്ഥാന വഴിയോര തര്‍ക്ക പരിഹാരസമിതി സ്റ്റേ ചെയ്തു. കാസര്‍കോട് എം ജി റോഡില്‍ നിന്ന് വഴിയോരക്കച്ചവടക്കാരെ നീക്കം ചെയ്യുന്നതാണ് സമിതി തടഞ്ഞത്. കാസര്‍കോട് നഗരത്തില്‍ സ്വയംതൊഴിലായി വഴിയോരക്കച്ചവടം ചെയ്ത് ഉപജീവനം കഴിക്കുന്ന നൂറിലധികം പേരാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെട്ടത്. അവരുടെ തൊഴില്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കാതെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിര്‍മ്മിച്ച ബങ്കുകള്‍ ഭരണകക്ഷിയുടെ ഇഷ്ടക്കാര്‍ക്ക്  മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്ന് വഴിയോര വ്യാപാര സ്വയംതൊഴില്‍ സമിതി ( സി ഐ ടിയു) ജില്ലാകമ്മിറ്റി ആരോപിച്ചു. ബാക്കിയുള്ളവര്‍ ഒഴിഞ്ഞുപോകണമെന്നാണ് നഗരസഭയുടെ വാക്കാലുള്ള ഉത്തരവ്. 2014ലെ കേന്ദ്രനിയമത്തിന്റെ ഭാഗമായി സ്വയം തൊഴിലായി വഴിയോരക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്കുന്നുണ്ട്.  നാല് മീറ്റര്‍ കൂടുതല്‍ വീതിയുള്ള റോഡിന്റെ ഒരു ഭാഗത്ത് നിയന്ത്രണവിധേയമായി കച്ചവടം അനുവദിക്കാമെങ്കിലും വ്യാപാരികളുടെ ആവശ്യപ്രകാരം 20 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡില്‍ നിന്നുമാണ് ഒഴിപ്പിക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി കച്ചവടം ചെയ്യുന്നവരെ കച്ചവടം ലഭിക്കാന്‍ സാധ്യതയില്ലാത്ത പുതിയ ബസ് സ്റ്റാന്‍ഡിന്റെ വടക്കുപടിഞ്ഞാറ്ഭാഗത്തേക്ക് പുനരധിവസിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ജനസഞ്ചാരമുള്ള സ്ഥലത്താണ് വഴിയോരക്കച്ചവടം നടത്താറുള്ളത്. കാസര്‍കോടിന്റെ പ്രധാന കച്ചവട കേന്ദ്രമായ എം ജി റോഡില്‍ നിന്ന് കിട്ടുന്ന വരുമാനം പുതിയ സ്ഥലത്ത് ലഭിക്കില്ല. ആശുപത്രിയില്‍ നിന്നും മല്‍സ്യമാര്‍ക്കറ്റില്‍ നിന്നും വരുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വിലപേശി വാങ്ങാനുള്ള അവസരം കൂടിയാണ് ഒഴിപ്പിക്കല്‍ നടപടിയിലൂടെ കാസര്‍കോട്  നഗരസഭ ഇല്ലാതാക്കുന്നത്. ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക്മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയും പുതിയ സ്ഥലം സംബന്ധിച്ചുള്ള തൊഴിലാളികളുടെ പരാതി കേള്‍ക്കാതെയുമുള്ള നടപടികള്‍ നിയമവിരുദ്ധമാണ്. ഓട്ടോറിക്ഷ ഗുഡ്‌സ് വാഹനങ്ങള്‍, സ്വകാര്യവാഹനങ്ങള്‍, ടാക്‌സി കാറുകള്‍ എന്നിവയ്ക്ക് എം ജി റോഡില്‍ സ്ഥലം കണ്ടെത്തുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗ്യക്കുറി വില്‍ക്കുന്ന സ്റ്റാളുകള്‍ വരെ ഒഴിപ്പിക്കുന്ന നടപടിതിരുത്താന്‍ നഗരസഭ തയ്യാറാകണമെന്ന് വഴിയോര വ്യാപാര സ്വയംതൊഴില്‍ സമിതി  ആവശ്യപ്പെട്ടു.


Post a Comment

0 Comments