NEWS UPDATE

6/recent/ticker-posts

ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാന്‍ വെറും 10 മിനുറ്റ്, മൊബൈലിനും ലാപ്‌ടോപ്പിനും ഒരു മിനുറ്റ്! കണ്ടെത്തല്‍

ദില്ലി: ഒരു യാത്ര പോകുന്നതിനിടെ നിങ്ങളുടെ ഇലക്ട്രിക് കാര്‍ ചാര്‍ജ് കഴിഞ്ഞ് ഓഫായാല്ലോ? അല്ലെങ്കില്‍ ഒരു മീറ്റിംഗിനിടെ നിങ്ങളുടെ ലാപ്‌ടോപ് ഓഫായി പോയാല്ലോ? ഇലക്ട്രിക് കാര്‍ 10 മിനുറ്റിലും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഒരു മിനുറ്റിലും പൂര്‍ണമായും ചാര്‍ജ് ചെയ്യാനായാല്‍ അത് വലിയ സഹായമാകില്ലേ...ഇത്തരമൊരു അതിവേഗ ചാര്‍ജിംഗ് സംവിധാനം ഇന്ത്യന്‍ വംശജന്‍റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ കൊളറാഡോ ബോൾഡർ സര്‍വകലാശാലയിലെ അന്‍കുര്‍ ഗുപ്‌തയും സംഘവും ആണ് ഈ വിസ്‌മയ കണ്ടെത്തലിന് പിന്നില്‍ എന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊളറാഡോ ബോൾഡർ സര്‍വകലാശാലയില്‍ കെമിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ് അന്‍കുര്‍ ഗുപ്‌ത. പ്രൊസീഗിംഗ്‌സ് ഓഫ് ദി നാഷണല്‍ അക്കാഡമി ഓഫ് സയന്‍സിന്‍റെ ജേണിലാണ് ഈ അത്ഭുത കണ്ടെത്തല്‍ സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതിവേഗ ചാര്‍ജിംഗും കൂടുതല്‍ ആയുസും വാഗ്ദാനം ചെയ്യുന്ന സൂപ്പര്‍കപ്പാസിറ്ററുകളിലൂടെയാണ് 10 മിനുറ്റ് കൊണ്ട് ഇലക്ട്രിക് കാര്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവുന്നത്. ഇലക്ട്രോണിക് വാഹനങ്ങളിലും ഉപകരണങ്ങളിലും മാത്രമല്ല, പവര്‍ഗ്രിഡുകളിലും ഇത്തരം സൂപ്പര്‍കപ്പാസിറ്ററുകള്‍ ഉപയോഗിക്കാനാകും എന്ന് അന്‍കുര്‍ ഗുപ്‌ത അവകാശപ്പെടുന്നു. വൈദ്യുതോര്‍ജത്തിന്‍റെ കൂടുതല്‍ ഉപയോഗം ആവശ്യമായി വരുന്ന അവസരങ്ങളില്‍ സൂപ്പര്‍കപ്പാസിറ്ററുകള്‍ വൈദ്യുതിയുടെ വേഗവും കാര്യക്ഷമതയും ഉറപ്പാക്കും എന്നും അന്‍കുര്‍ ഗുപ്‌ത അവകാശപ്പെടുന്നു.

പുത്തന്‍ കണ്ടെത്തലോടെ സൂപ്പർകപ്പാസിറ്ററുകൾ പോലെ കൂടുതൽ കാര്യക്ഷമമായ സംഭരണ ​​സംവിധാനങ്ങള്‍ വരുംഭാവിയില്‍ വികസിപ്പിക്കാനാകും എന്നാണ് അന്‍കുര്‍ ഗുപ്‌തയുടെ പ്രതീക്ഷ. അന്‍കുറിന്‍റെ അവകാശവാദങ്ങള്‍ സത്യമെങ്കില്‍ ഇലക്ട്രിക് കാറുകളുടെ മേഖലയിലെ വിപ്ലവകരമായ കണ്ടുപിടുത്തമായിരിക്കും ഇപ്പോള്‍ നടന്നിരിക്കുന്നത്.

Post a Comment

0 Comments