NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ യുവതി രക്തം വാർന്ന് മരിക്കാനിടയായത് കഴുത്തിനേറ്റ മുറിവു കാരണമാണെന്ന് സൂചന.

കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ യുവതി രക്തം വാർന്ന് മരിക്കാനിടയായത് കഴുത്തിനേറ്റ മുറിവു കാരണമാണെന്ന് സൂചന.
ഇന്നലെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ പോലീസ് സർജൻ നടത്തിയ വിദഗ്ധ പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്. കാസറഗോഡ് നെല്ലിക്കട്ട സ്വദേശിനി ഫാത്തിമയെ (42) ചൊവ്വാഴ്ച വൈകുന്നേരമാണ് നോർത്ത് കോട്ടച്ചേരി റെഡ് സ്റ്റാർ ക്ലബിന് സമീപത്തെ ആവിയിൽ അപാർട്മെന്റ് സമുച്ചയത്തിലെ ഒരു ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്. സ്വീക രണ മുറിയിലെ ദിവാൻ കോട്ടിൽ ചെരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. മുഖം അഴുകിയ നിലയിലായിരുന്നു. മൃതദേഹത്തിൽ നിന്ന് രക്തം വാർന്ന് അരികിൽ തളം കെട്ടി നിന്നിരുന്നു. ചെങ്കള റഹ്മത്ത് നഗർ കനിയടുക്കം ഹൗസിലെ അസൈനാർ (32) ആണ് ഇവർക്കൊപ്പം ഇവിടെ താമസിച്ചു വന്നിരുന്നത്. ഞായറാഴ്ച ഉച്ചയോടെ മുറി പുറത്തു നിന്നു പൂട്ടി ഇവിടെ നിന്ന് സ്ഥലം വിട്ട അസൈനാറെ തിങ്കളാഴ്ച രാത്രി 8 മണിക്ക് കാസറഗോഡ് നഗരത്തിലെ ഒരു ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഫാത്തിമയുടെ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ നെല്ലിക്കട്ടയിലേക്ക് കൊണ്ടുപോയി. മൃതദേഹം കണ്ടെത്തിയ ക്വാർട്ടേഴ്സിൽ നിന്ന് പോലീസ് ഇന്നലെയും തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് വിദഗ്ധർ ചൊവ്വാഴ്ച രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു.

Post a Comment

0 Comments