ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ ചട്ടഞ്ചാലില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 15നകം പൂര്‍ത്തീകരിക്കും. കഴിഞ്ഞ മാസത്തെ ജില്ലാ വികസന സമിതി യോഗ തീരുമാനത്തിന്റെ ഭാഗമായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലൈഫ് ഭവന സമുച്ചയം നിര്‍മ്മാണ പുരോഗതി അവലോകന യോഗത്തിലാണ് തീരുമാനം. ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം 85 ശതമാനം പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍, ഫ്ളോര്‍ പ്രവര്‍ത്തികളാണ് പൂര്‍ത്തിയാകാനുള്ളത്. സെപ്തംബര്‍ 20ഓടെ പെയിന്റ് പ്രവൃത്തി പൂര്‍ത്തിയാകും. ഇവിടേക്കുള്ള കുടിവെള്ള സൗകര്യം ഒക്ടോബര്‍ 15നകം ഒരുക്കണമെന്ന് യോഗത്തില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍ദ്ദേശിച്ചു. ഭവനസമുച്ചയത്തില്‍ ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി കേരള വാട്ടര്‍ അതോറിറ്റിയാണ് കുടിവെള്ള സൗകര്യം ഒരുക്കേണ്ടത്. സാങ്കേതിക തടസ്സങ്ങളാല്‍ പ്രവര്‍ത്തനം വൈകുന്നത് ഒഴിവാക്കുന്നതിന് പകരം മാര്‍ഗ്ഗം കണ്ടെത്തി അതിന്റെ ചെലവ് കണക്കാക്കാന്‍ വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. നവ കേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. വത്സന്‍, കെട്ടിടം നിര്‍മ്മിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെന്നാര്‍ കമ്പനി പ്രൊജക്ട് മാനേജര്‍ എ.ദീപക്, കേരള വാട്ടര്‍ അതോറിറ്റി കാഞ്ഞങ്ങാട് പ്രൊജക്ട് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എ.വി പ്രകാശന്‍, കേരള വാട്ടര്‍ അതോറിറ്റി കാസര്‍കോട് പ്രൊജക്ട് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എം.പ്രകാശന്‍, ലൈഫ് മിഷന്‍ ജില്ലാ എഞ്ചിനീയര്‍ ഇ. ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments