സി പി എം ജില്ലാ സമ്മേളനം നാളെ കാഞ്ഞങ്ങാട്ട് തുടങ്ങും.
ജില്ലയിലെ 32 രക്തസാക്ഷി കുടീരങ്ങളിൽ നിന്ന് ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി പുറപ്പെട്ട കൊടി, കൊടിമര, ദീപശിഖാജാഥകൾ വൈകിട്ട് 6.30 ന് അലാമിപ്പള്ളിയിൽ സംഗമിച്ചു. അത്‌ലറ്റുകളുടെയും ചുവപ്പുസേനയുടെയും ബൈക്ക് റാലിയുടെയും താളമേളങ്ങളുടെയും പൊലിമയിൽ നൂറുകണക്കിന് പേരുടെ അകമ്പടിയോടെ ജാഥകൾ നോർത്ത് കോട്ടച്ചേരിയിലെ പൊതുസമ്മേളന നഗരിയായ സീതാറാം യച്ചൂരി- കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ എത്തി. രാത്രി എട്ടിന് സംഘാടകസമിതി ചെയർമാൻ വി വി രമേശൻ പതാകയുയർത്തി.
പ്രതിനിധി സമ്മേളനം നാളെ മുതൽ ഫെബ്രുവരി എഴ് വരെ കോട്ടച്ചേരി മാവുങ്കാൽ റോഡരികിൽ പ്രത്യേകം തയ്യാറാക്കിയ എ കെ നാരായണൻ, കെ കുഞ്ഞിരാമൻ നഗറിൽ നടക്കും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ജില്ലയിലെ 27904 പാർടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളിൽ നിന്നും 281 പ്രതിനിധികളും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ എംഎൽഎ, ആനാവൂർ നാഗപ്പൻ, പി കെ ബിജു എന്നിവർ സമ്മേളനത്തിൽ മുഴുനീളം പങ്കെടുക്കും.
ഏഴിന് വൈകിട്ട് ആലാമിപ്പള്ളി കേന്ദ്രീകരിച്ച് ചുവപ്പുസേനാ പരേഡുണ്ടാകും. നോർത്ത് കോട്ടച്ചേരിയിലെ സീതാറാം യച്ചൂരി - കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ അരലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം പി ബി അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.
.........
0 Comments