കാസർകോട് ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ഭരണസമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേമം, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി സമസ്ത മേഖലകൾക്കും ഊന്നൽ നൽകുന്നതാണ് ബജറ്റെന്ന് ഷാനവാസ് പാദൂർ ബജറ്റ് അവതരണ പ്രസംഗത്തിൽ പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം ജനങ്ങളുടെ ആളോഹരി വരുമാനവും മെച്ചപ്പെടുത്തി ജീവിത നിലവാരം ഉയർത്തിക്കൊണ്ടു വരുന്നതിനുളള പരിശ്രമം കൂടിയാണ് നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പാലിയേറ്റീവ് ഗ്രിഡ് രൂപീകരിക്കും. വയോജനങ്ങൾക്ക് നല്ല ചികിത്സയും പരിചരണവും ഉറപ്പുവരുത്തും. മറവി രോഗമുള്ളവർക്ക് വേണ്ടി പ്രത്യേക കേന്ദ്രം ആരംഭിക്കും. വിജ്ഞാന കേരളം മികച്ച പദ്ധതിയായി നടത്തും. ജില്ലാ പഞ്ചായത്ത് കെഎസ്ആർടിസിയും ബിആർടിസിയും ആയി ചേർന്ന് കാസർകോട് സഫാരിക്ക് തുടക്കം കുറിക്കും. ഭവന പദ്ധതിക്ക് 12 കോടി രൂപ മാറ്റിവെച്ചു. കാർഷിക മേഖലയ്ക്ക് ഒരു കോടി 75 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
വിദ്യാലയങ്ങളിൽ ലഹരി വിമുക്ത പദ്ധതികളുടെ ഭാഗമായി റിഥം
പദ്ധതിക്ക് തുടക്കം കുറിക്കും. പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവരുടെ ഉന്നമനത്തിനായി 9 കോടി 90 ലക്ഷത്തി 67,000 രൂപ മാറ്റിവെച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എൻ.സരിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മനു, പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, ജോമോൻ ജോസ്, എം. ശൈലജ ഭട്ട്
തദ്ദേശ ഭരണ ജോയിന്റ് ഡയറക്ടർ ജി. സുധാകരൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ. ബാലകൃഷ്ണൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ശ്യാമലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. നാളെ വൈകുന്നേരം നാലരയ്ക്ക് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗം ബജറ്റിന് അംഗീകാരം നൽകും.
0 Comments