NEWS UPDATE

6/recent/ticker-posts

ജ്യോതിഷ ബൃഹസ്പതി നീലേശ്വരം പള്ളിക്കരയിലെ കെ.രാമകൃഷ്ണൻ ജോത്സ്യർക്ക് പണ്ഡിത സേവാ പുരസ്കാരം സമ്മാനിച്ചു.

ജ്യോതിഷ ബൃഹസ്പതി നീലേശ്വരം പള്ളിക്കരയിലെ കെ.രാമകൃഷ്ണൻ ജോത്സ്യർക്ക് പണ്ഡിത സേവാ പുരസ്കാരം സമ്മാനിച്ചു.
വിദ്വാൻ എ.കെ. കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതി, ജ്യോതിസ്സദനം ട്രസ്റ്റ്, എ.കെ. പി.ഓറിയന്റൽ റിസർച്ച് ആന്റ് പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പയ്യന്നൂർ ജ്യോതിസ്സദനത്തിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ഗണിത ജ്യോതിഷ ചക്രവർത്തി പണ്ഡിറ്റ് വി.പി.കെ. പൊതുവാളിന്റെ പേരിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന വിശിഷ്ട വ്യക്തികൾക്ക് നൽകി വരുന്ന പുരസ്കാരമാണിത്. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം വി.പി.കെ. പൊതുവാളിന്റെ സഹധർമിണി പി.ജാനകി അമ്മ സമ്മാനിച്ചു. അഖില കേരള തന്ത്രി സമാജം സെക്രട്ടറി പുടയൂർ ജയ നാരായണൻ നമ്പൂതിരിപ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു. സദനം നാരായണൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗം തലവൻ ഡോ.എൻ.എ.ഷിഹാബ്‌ മുഖ്യ പ്രഭാഷണവും കെ.ശ്രീനിവാസൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നടത്തി. പുരസ്കാര ജേതാവിന്റെ മറുപടി പ്രസംഗവുമുണ്ടായി. ഡോ. ഇ. ശ്രീധരൻ സ്വാഗതവും എ.കെ.പി ലൈബ്രറി പ്രസിഡന്റ് പി.പദ്മനാഭൻ നന്ദിയും പറഞ്ഞു.
1942 സെപ്റ്റംബർ 12 ന് ചന്തു ജോത്സ്യരുടെയും പാർവതി അമ്മയുടെയും മകനായി ജനിച്ച പള്ളിക്കര കെ.രാമകൃഷ്ണൻ ജോത്സ്യർ ജ്യോതിഷ വിദ്യയിൽ ദക്ഷിണേന്ത്യയിലെ അഗ്രേസരനാണ്. പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസവും പിതാവിൽ നിന്ന് പ്രാഥമിക ജ്യോതിഷ പഠനവും നടത്തി. കല്ലമ്പള്ളി ഇല്ലത്ത് കുറുവാടൻ നമ്പ്യാർ, അഷ്ടവൈദ്യൻ കല്ലമ്പള്ളി വിഷ്ണു നമ്പൂതിരി, ആര്യവൈദ്യശാല പുതുക്കുടി മാധവൻ നമ്പൂതിരി വൈദ്യർ, എം.കെ.കൃഷ്ണൻ മാസ്റ്റർ എന്നിവർക്ക് കീഴിൽ സംസ്കൃത പഠനവും നടത്തി. ഗണിത ജ്യോതിഷ ചക്രവർത്തി പയ്യന്നൂർ ജ്യോതിസ്സദനം വി.പി.കെ.പൊതുവാളിന് കീഴിൽ അഞ്ച് വർഷം ഗുരുകുല സമ്പ്രദായത്തിൽ ജ്യോതിഷ പഠനം നടത്തി. നൂതന ഗണിതവും അഭ്യസിച്ചു. ക്ഷേത്രങ്ങൾ, പ്രമുഖ തറവാടുകൾ എന്നിവിടങ്ങളിൽ നടന്ന അഷ്ടമംഗല പ്രശ്നങ്ങൾക്ക് മുഖ്യസാരഥ്യം വഹിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തകൻ, ആധ്യാത്മിക പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധ നേടി. പിതാവിന്റെ സ്മരണയ്ക്ക് ഇദ്ദേഹം സൗജന്യമായി നൽകിയ സ്ഥലത്താണ് ഭാരതീയ വിദ്യാനികേതന് കീഴിൽ നീലേശ്വരം പള്ളിക്കര സരസ്വതി വിദ്യാമന്ദിരം ഉയർന്നു വന്നത്. അഖില ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്തിന്റെ ജ്യോതിഷ ബൃഹസ്പതി പുരസ്കാരവും കാഞ്ഞങ്ങാട് ബാലഗോകുലം സാരഥി പുരസ്കാര സമിതിയുടെ ദൈവജ്ഞ സാരഥി പുരസ്കാരവും നേടിയിട്ടുണ്ട്.

Post a Comment

0 Comments