കാസറഗോഡ് അഡീഷണൽ ജില്ലാ കോടതി - ഒന്നിൽ ഹൊസ്ദുർഗ് സിഐ, എം.പി. ആസാദാണ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കുട്ടിയുടെ കമ്മൽ കവർന്നെടുത്ത് വഴിയിലുപേക്ഷിച്ച കുടക് സ്വദേശി പി.എ.സലീം എന്ന സൽമാൻ (36) ആണ് കേസിലെ ഒന്നാം പ്രതി. മോഷ്ടിച്ച കമ്മൽ വിൽക്കാൻ സഹായിച്ച സഹോദരി സുവൈബ (20) രണ്ടാം പ്രതിയാണ്. 35 ദിവസം കൊണ്ട് തയാറാക്കിയ 300 പേജുളള കുറ്റപത്രം കേസ് രജിസ്റ്റർ ചെയ്ത് നാൽപതാം ദിവസമാണ് കോടതിയിൽ സമർപ്പിച്ചത്.
67 സാക്ഷികളും 42 ശാസ്ത്രീയ തെളിവുകളും കേസിൽ ഉണ്ട്. പീഡിപ്പിക്കാൻ തട്ടിക്കൊണ്ടു പോകൽ, പോക്സോ നിയമത്തിലെ വകുപ്പുകൾ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. സലീമിനെതിരെ ഡിഎൻഎ പരിശോധന റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. 65 സാക്ഷികളും ഉണ്ട്. 2024 മെയ് 15 ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി പോലീസിനു നൽകിയ മൊഴി.
കുട്ടിയുടെ മുത്തച്‌ഛൻ പുലർച്ചെ പശുവിനെ കറക്കാൻ ഇറങ്ങുന്നത് കണ്ട് വീടിന് സമീപം ഒളിച്ചിരുന്നു എന്നും പിന്നീട് വീടിനകത്തേക്ക് കയറുകയായിരുന്നു എന്നുമാണ് സലീമിന്റെ മൊഴി. സംഭവത്തിന് ശേഷം തലശ്ശേരിയിലേക്ക് രക്ഷപ്പെട്ട് പിന്നീട് വിവിധ സംസ്ഥാനങ്ങളിൽ എത്തിയ പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്നാണ് പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നേരത്തെയും പോക്സോ കേസിൽ പ്രതിയായ ഇയാൾക്കെതിരെ കർണാടകയിൽ പിടിച്ചു പറി കേസുകളും ഉണ്ട്.
0 Comments